Tuesday, November 1, 2022

 ഒടുവിലത്തെ ഇല 

ഒ  ഹെൻറി 

വാഷിംഗ്ടൺ സ്‌ക്വയറിന് പടിഞ്ഞാറ് നഗരത്തിൻ്റെ  ഒരു ചെറിയ ഭാഗത്ത്, തെരുവുകൾക്ക്  ഒരു തരം വന്യമായ പ്രതീതിയാണ്. വ്യത്യസ്ത ദിശകളിലേക്ക് തിരിയുന്ന അവ ‘സ്ഥലങ്ങൾ’ എന്ന് വിളിക്കപ്പെടുന്ന ചെറിയ തുണ്ടുനിലങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.  ഒരു തെരുവാണെങ്കിൽ വളഞ്ഞും പുളഞ്ഞും  ഒന്നോ രണ്ടോ തവണ അതിനെ തന്നെ മുറിച്ചുകൊണ്ട് കടന്നുപോകുന്നു. ഒരിക്കൽ ഒരു ചിത്രകാരൻ ഈ തെരുവിൻ്റെ  ഒരു അപാര സാധ്യത കണ്ടെത്തി. ഏതെങ്കിലും ഒരു ചിത്രകാരൻ്റെ പക്കലുള്ള ചിത്രരചനാ സാമഗ്രികൾക്ക് നൽകേണ്ട പണം വാങ്ങാൻ ഒരാൾ, ഒരു ബിൽ കളക്ടർ,  വന്നുവെന്നിരിക്കട്ടെ. ആ തെരുവിലൂടെ സഞ്ചരിക്കുന്ന അയാൾ, ഒരു സെൻ്റ് (നയാപ്പൈസ) പോലും  കൈപ്പറ്റാതെ, പെട്ടെന്ന് തന്നെ ആ തെരുവിലെ അയാളുടെ സ്റ്റാർട്ടിങ് പോയിന്റിലേക്ക് തിരിച്ചുവരുന്നത് കണ്ടേക്കാം! അതായത്, സ്ഥലവിഭ്രമത്തിൽ പെട്ട അയാൾക്ക് ആ ചിത്രകാരനെ കണ്ടുമുട്ടാനാവുന്നില്ല.

       നഗരത്തിൻ്റെ ഈ ഭാഗത്തെ ഗ്രീൻവിച്ച് വില്ലേജ് എന്ന് വിളിക്കുന്നു. പഴയമയുടെ ആലസ്യം പേറി നിന്ന  ഗ്രീൻവിച്ച് വില്ലേജിലേക്ക് ചിത്രകാരന്മാരും ചിത്രകാരികളും വരാൻ തുടങ്ങിയത് പെട്ടെന്നാണ്.  അവർക്കിഷ്ടപ്പെട്ട നല്ല വെളിച്ചമുള്ള മുറികൾ കുറഞ്ഞ ചിലവിൽ അവർ അവിടെ കണ്ടെത്തി. 

        മൂന്ന് നിലകളുള്ള ഒരു കെട്ടിടത്തിൻ്റെ  മുകളിലാണ് സ്യൂവും ജോൺസിയും താമസിച്ചിരുന്നത്. ജോവാന്ന എന്നതിൻ്റെ ചുരുക്കപ്പേരാണ് ജോൺസി. കാലിഫോർണിയയിൽ നിന്നാണ് അവൾ വന്നത്, സ്യൂ മെയ്നിൽ  നിന്നും. ബുദ്ധിജീവികളുടെ സമാഗമനസ്ഥലമായ ഏയ്റ്റ്ത് സ്ട്രീറ്റിലെ ഒരു റെസ്റ്റോറന്റിൽ വച്ചാണ് അവർ കണ്ടുമുട്ടിയത്. ഒരേ തരത്തിലുള്ള കലയും ഒരേ തരത്തിലുള്ള ഭക്ഷണവും ഒരേ തരത്തിലുള്ള വസ്ത്രവും ആണ് അവർ രണ്ടു പേരും ഇഷ്ടപ്പെടുന്നതെന്ന് അവിടെ അവർ കണ്ടെത്തി. അങ്ങനെ സമാനമായ അഭിരുചികൾ ഉള്ളതിനാൽ ഒരുമിച്ച് ജീവിക്കാനും പണിയെടുക്കുവാനും അവർ തീരുമാനിച്ചു. 

     അത് മെയ് മാസത്തെ വസന്തകാലത്തായിരുന്നു. .

     നവംബറിൽ ശൈത്യകാലം ആയപ്പോൾ, തണുത്ത് വിറങ്ങലിച്ച ഒരു അദൃശ്യനായ അജ്ഞാതൻ ഗ്രീൻവിച്ച് വില്ലേജിൽ പ്രവേശിച്ചു. തൻ്റെ ഐസുപോലുള്ള  വിരലുകളാൽ ഒരാളെ ഇവിടെയും മറ്റൊരാളെ അവിടെയും സ്പർശിച്ചു കൊണ്ട് അയാൾ നടന്നു. വല്ലാത്ത ഒരു അസുഖമായിരുന്ന അയാളെ ഡോക്ടർമാർ ന്യൂമോണിയ എന്ന് വിളിച്ചു. നഗരത്തിൻ്റെ കിഴക്കുഭാഗത്ത് തിടുക്കത്തിൽ നീങ്ങിക്കൊണ്ട് അനേകം ആളുകളെ അയാൾ പ്രഹരിച്ചു; എന്നാൽ ഗ്രീൻവിച്ച് വില്ലേജിലെ ഇടുങ്ങിയ തെരുവുകളിൽ അയാൾ  അത്ര വേഗത്തിൽ  നീങ്ങിയില്ല.

       ശ്രീമാൻ  ന്യൂമോണിയ ഒരു മാന്യ വീരപുരുഷൻ ആയിരുന്നില്ല; ആയിരുന്നെങ്കിൽ  കാലിഫോർണിയയിൽ നിന്നുള്ള ദുർബലയായ ഒരു കൊച്ചുയുവതിയെ  ഉപദ്രവിക്കില്ലായിരുന്നു. അയാൾ  തൻ്റെ തണുത്ത വിരലുകൾ കൊണ്ട് ജോൺസിയെ തൊട്ടപ്പോൾ അവൾ ഏതാണ്ട്  അനങ്ങാൻ വയ്യാത്ത അവസ്ഥയിൽ  ചായം പൂശിയ ഇരുമ്പ് കട്ടിലിൽ കിടപ്പായി. ജനാലയിലൂടെ തൊട്ടടുത്തുള്ള വീടിൻ്റെ  ഇഷ്ടിക ഭിത്തിയിലേക്ക്  നോക്കിയായിരുന്നു ആ  കിടപ്പ്. 

          ഒരു ദിവസം രാവിലെ അവരുടെ വീടിൻ്റെ ഇടനാഴിയിൽ വെച്ച്, ജോൺസിക്ക്  കേൾക്കാൻ കഴിയാത്ത വിധത്തിൽ, അവളെ പരിശോധിക്കാനെത്തിയ  വളരെ തിരക്കേറിയ, നരച്ച കട്ടി പുരികമുള്ള ഡോക്ടർ സ്യൂവിനോട് മാത്രം സംസാരിച്ചു. "അവൾക്ക് രോഗം ഭേദമാകാൻ വളരെ ചെറിയ സാധ്യതയേയുള്ളൂ," അദ്ദേഹം പറഞ്ഞു. “ ജീവിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ മാത്രമേ അവൾക്ക് രക്ഷപെടാനുള്ള സാധ്യതയുള്ളൂ. മനുഷ്യർക്ക് ജീവിക്കാൻ താൽപ്പര്യമില്ലെങ്കിൽ, അവർക്ക് വേണ്ടി എനിക്ക് കൂടുതലൊന്നും ചെയ്യാൻ കഴിയില്ല. നിൻ്റെ  ഈ കൊച്ചുപെൺകുട്ടിഅവൾ സുഖം പ്രാപിക്കാൻ പോകുന്നില്ലെന്ന് മനസ്സ് കൊണ്ട് ഉറപ്പിച്ചിരിക്കുകയാണ് . അവളെ അലട്ടുന്ന എന്തെങ്കിലും പ്രശ്നം ഉണ്ടോ?" 

       "ഇറ്റലിയിൽ പോയി നേപ്പിൾസ് ഉൾക്കടലിൻ്റെ ഒരു ചിത്രം വരയ്ക്കുക എന്നതാണ് അവൾ എപ്പോഴും ആഗ്രഹിക്കുന്നത് ," സ്യൂ പറഞ്ഞു. 

       “വര! വരയല്ല. വിഷമിക്കാൻ തക്ക മറ്റു വല്ല കാര്യമുണ്ടോ? ഒരു പുരു ഷൻ?" 

       "ഒരു പരുഷൻ ?" സൂ പറഞ്ഞു. “ഒരു പുരുഷൻ അത്രയ്ക്കുണ്ടോ? ഇല്ല ഡോക്ടർ. അങ്ങനെ ഒരാളില്ല. ” 

          "എന്നാൽ, ക്ഷീണമാണ് അവളുടെ മനസ്സിനെയും തളർത്തുന്നത്," ഡോക്ടർ പറഞ്ഞു. “വൈദശാസ്ത്രത്തിൽ നിന്നും എനിക്ക്                                             ചെയ്യാൻ അറിയാവുന്നതെല്ലാം ഞാൻ ചെയ്യും. എന്നാൽ ഒരു രോഗിക്ക് താൻ മരിക്കാൻ പോകുന്നുവെന്ന് തോന്നാൻ തുടങ്ങുമ്പോൾ, മരുന്നിൻ്റെ പകുതി ശക്തി പാഴാകുന്നു. നീ പുതിയ ശൈത്യകാല വസ്ത്രങ്ങളെക്കുറിച്ച് അവളോട് സംസാരിക്കുക. അവൾക്ക് തുടർന്ന് ജീവിക്കണമെന്ന്  താൽപ്പര്യമുണ്ടെങ്കിൽ, അവൾ സൗഖ്യമാകാനുള്ള സാധ്യതകൾ കൂടും.” 

       ഡോക്ടർ പോയതിനു ശേഷം സൂ കരയാൻ വർക്ക്‌റൂമിലേക്ക് പോയി. പിന്നെ അവൾ ജോൺസിയുടെ മുറിയിലേക്ക് നടന്നു. ചില ചിത്രരചനാ സാമഗ്രികൾ അവൾ എടുത്തിരുന്നു. ഒരു പാട്ടിൻ്റെ ഈണം ചൂളമടിച്ചു കൊണ്ടായിരുന്നു  അവൾ ആ മുറിയിലേക്ക് പ്രവേശിച്ചത്.

        വളരെ മെലിഞ്ഞു വിളർത്ത്, തീർത്തും നിശബ്ദയായി ആയിരുന്നു ജോൺസി അവിടെ കിടന്നത്. അവളുടെ മുഖം ജനലിലേക്ക് തിരിച്ചിരുന്നു. ജോൺസി ഉറങ്ങുകയാണെന്ന് കരുതി സൂ ചൂളമടിക്കുന്നത് നിർത്തി.

        സ്യൂ ജോലി ചെയ്യാൻ ആരംഭിച്ചു. ജോലി ചെയ്തുകൊണ്ടിരിക്കെ , അവൾ വളരെ താഴ്ന്ന ഒരു ശബ്ദം ആവർത്തിച്ചു കേട്ടു. അവൾ വേഗം കട്ടിലിൻ്റെ അരികിലേക്ക് പോയി.  

      ജോൺസിയുടെ കണ്ണുകൾ മലക്കെ തുറന്നിരുന്നു. അവൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി എണ്ണുകയായിരുന്നു - പിന്നോട്ടായിരുന്നു എണ്ണൽ.

       “പന്ത്രണ്ട്,” അവൾ എണ്ണി; കുറച്ച് കഴിഞ്ഞ്, "പതിനൊന്ന്;" തുടർന്ന്, "പത്ത്," "ഒമ്പത്;" തുടർന്ന്, "എട്ട്," "ഏഴ്;" ഏതാണ്ട് ഒരുമിച്ച് എണ്ണി. 

      സൂ  ജനാലയിലൂടെ പുറത്തേക്ക് നോക്കി. എണ്ണാൻ അവിടെ എന്തുണ്ടായിരുന്നു? കുറച്ചു ദൂരെ അടുത്ത വീടിൻ്റെ പാർശ്വഭിത്തി മാത്രം. ഭിത്തിക്ക് ജനൽ ഇല്ലായിരുന്നു. ആ ഇഷ്ടിക ഭിത്തിയോട് പറ്റിപ്പിടിച്ച് അതിൻ്റെ പകുതി വരെ ഒരു പടുവയസ്സൻ വള്ളിച്ചെടി കയറിയിരുന്നു. വേരുകൾ ദ്രവിച്ചു തുടങ്ങിയ അതിനെ ശീതകാലത്തിൻ്റെ തണുത്ത നിശ്വാസം അപ്പോഴേക്കും സ്പർശിച്ചു കഴിഞ്ഞിരുന്നു. ശരത്കാല കാറ്റിൽ മിക്കവാറും എല്ലാ ഇലകളും അതിൻ്റെ  ഇരുണ്ട ശാഖകളിൽ നിന്ന് കൊഴിഞ്ഞ് വീണിരുന്നു. പൊടിഞ്ഞു തുടങ്ങിയ ഇഷ്ടികകളിൽ അതിൻ്റെ ഏതാനും ശാഖകൾ ഒരു അസ്ഥികൂടം പോലെ തോന്നിച്ചു.

      "അതെന്താ പൊന്നേ?" സൂ ചോദിച്ചു. 

       “ആറ്,” ജോൺസി അപ്പോഴും താഴ്ന്ന സ്വരത്തിൽ മന്ത്രണം പോലെ പറഞ്ഞു. “അവ ഇപ്പോൾ വേഗത്തിൽ വീഴുകയാണ്. മൂന്ന് ദിവസം മുമ്പ് നൂറോളം എണ്ണമുണ്ടായിരുന്നു. എണ്ണിനോക്കുമ്പോൾ തല വേദനിച്ചിരുന്നു. എന്നാൽ, ഇപ്പോൾ എണ്ണാൻ  എളുപ്പമാണ്. അതാ മറ്റൊന്ന് കൂടി വീഴുന്നു. ഇപ്പോൾ അഞ്ചെണ്ണമേ ഉള്ളൂ.” 

     “അഞ്ച് എന്ത്, പൊന്നേ ? നിൻ്റെ ‘സൂഡി’യോട്  പറയൂ.” 

      “ഇലകൾ. ആ വള്ളിച്ചെടിയിലെ. അവസാനത്തേത് വീഴുമ്പോൾ എനിക്കും പോകണം. മൂന്ന് ദിവസമായി എനിക്കത് അറിയാം. ഡോക്ടർ പറഞ്ഞില്ലേ?"

        “ഓ, അങ്ങനെയൊന്നും  അദ്ദേഹം പറഞ്ഞേയില്ല,” സ്യൂ അവൾ പറഞ്ഞതിനെ കളിയായി തള്ളിക്കളയാൻ വ്യഗ്രതപ്പെട്ടു. “അതു  വെറും അസംബന്ധമാണ്. ഒരു പഴയ വള്ളിച്ചെടിയുടെ ഇലകൾക്ക്  നീ സുഖപ്പെടുന്നതുമായി  എന്ത് ബന്ധം? പിന്നെ, നിനക്ക് ആ വള്ളിച്ചെടിയെ  വലിയ ഇഷ്ടമല്ലേ, കൊച്ചുമണ്ടീ? നിനക്ക് സുഖം പ്രാപിക്കാനുള്ള സാധ്യതയെക്കുറിച്ച് ഡോക്ടർ എന്നോട് പറഞ്ഞു. നിനക്ക് വളരെ നല്ല സാധ്യതകളുണ്ടെന്നാണ് അദ്ദേഹം ഇന്ന് രാവിലെ പറഞ്ഞത്! ഇപ്പോൾ കുറച്ച്  സൂപ്പ് കഴിക്കാൻ ശ്രമിക്കുക. പിന്നെ എനിക്ക്  ജോലിയിലേക്ക് മടങ്ങാം. അതു കഴിഞ്ഞ്  ഈ വരച്ച  ചിത്രം പത്രാധിപർക്ക് വിൽക്കാം, ആ പണം കൊണ്ട്  നിനക്ക് വേണ്ടി പോർച്ചുഗീസ് വൈനും കൊതിച്ചിയായ എനിക്ക് വേണ്ടി പന്നിയിറച്ചിയും വാങ്ങാം.” 

     “എനിക്കുവേണ്ടി നീ വൈൻ ഒന്നും വാങ്ങേണ്ടതില്ല,” ജോൺസി പറഞ്ഞു. അവൾ അപ്പോഴും ജനാലയിലൂടെ പുറത്തേക്ക് നോക്കുകയായിരുന്നു. “മറ്റൊരെണ്ണം കൂടി വീഴുന്നു. വേണ്ട, എനിക്ക് കഴിക്കാൻ ഒന്നും വേണ്ട. ഇപ്പോൾ നാലെണ്ണം. രാത്രിയാകുന്നതിന് മുമ്പ് അവസാനത്തേത് വീഴുന്നത് എനിക്ക് കാണണം. അപ്പോൾ ഞാനും പോകും." 

        “ജോൺസി, പൊന്നേ,” സ്യൂ പറഞ്ഞു, “നിൻ്റെ കണ്ണുകൾ അടയ്ക്കാനും കുറെ നേരം തുറക്കാതെ വെയ്ക്കാനും നീ എനിക്ക് വാക്ക് തരുമോ? ഞാൻ വരച്ചു തീർക്കുന്നത് വരെ ജനാലയിലൂടെ പുറത്തേക്ക് നോക്കില്ലെന്ന് നീ ഉറപ്പ് തരുമോ? നാളെ ഈ പടം തീർക്കണം. എനിക്ക് വെളിച്ചം വേണം; എനിക്ക് ജനൽ മറയ്ക്കാൻ കഴിയില്ല.”

     "നിനക്ക് മറ്റേ മുറിയിൽ ജോലി ചെയ്യാൻ കഴിയില്ലേ?" ജോൺസി വിറങ്ങലിച്ച ശബ്ദത്തിൽ  ചോദിച്ചു. 

       "മോളേ, ഞാൻ ഇവിടെ നിൻ്റെ അടുത്ത് ഉണ്ടായിരിക്കുന്നതാണ് നല്ലത്" സ്യൂ പറഞ്ഞു. "നീ ആ ഇലകളിലേക്ക് നോക്കുന്നത് എനിക്കിഷ്ടമില്ല." 

     “നീ വരച്ചു തീർത്ത ഉടൻ എന്നോട് പറയൂ,” ജോൺസി പറഞ്ഞു. അവൾ കണ്ണുകൾ അടച്ച് വിളർന്നു വെളുത്ത് നിശ്ചലയായി കിടന്നു. “കാരണം എനിക്ക് അവസാന ഇല വീഴുന്നത് കാണണം. ഞാൻ വേണ്ടുവോളം കാത്തിരിന്നു. വേണ്ടുവോളം ചിന്തിച്ചു. ആ ഇലകളിൽ ഒന്ന് പോലെ താഴേക്ക് വീഴണമെന്നാണ് എൻ്റെ ആഗ്രഹം.” 

      “ഉറങ്ങാൻ നോക്കുക,” സ്യൂ പറഞ്ഞു. “എനിക്ക് ബെഹ്‌ർമാനെ പോയി ഇവിടെ വിളിച്ചു കൊണ്ട് വരണം. ഈ ചിത്രത്തിൽ ഒരു മനുഷ്യനെ വരയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ബെഹ്ർമാനെപ്പോലെ ഒരു മനുഷ്യനെ. ഞാൻ നിമിഷങ്ങൾക്കകം തിരികെ വരാം. ഞാൻ വരുന്നതുവരെ അനങ്ങാതെ കിടക്കണം. ” 

      അവരുടെ വീടിൻ്റെ ഒന്നാം നിലയിൽ താമസിച്ചിരുന്ന ഒരു ചിത്രകാരനായിരുന്നു വൃദ്ധനായ ബെഹ്ർമാൻ. അയാൾക്ക് വയസ്സ് അറുപത് കഴിഞ്ഞിരുന്നു. മൈക്കെലാഞ്ജലോയുടെ ശില്പത്തിലെ മോസസ്സിനെപ്പോലെ ശിരസ്സിൽ നിന്നും ചുരുണ്ട് ഊർന്നിറങ്ങിയ താടിമീശ ഉണ്ടായിരുന്നു അയാൾക്ക്.  ചിത്രകാരൻ എന്ന നിലയിൽ അയാൾ  അത്ര വിജയിച്ചിരുന്നില്ല. നാൽപ്പത് വർഷമായി വരച്ചിട്ടും ഇതുവരെ ഒരു മികച്ച ചിത്രം അയാൾ വരച്ചിരുന്നില്ല. ഒരു മികച്ച ചിത്രം, തൻ്റെ ഒരു മാസ്റ്റർപീസ്, വരയ്ക്കുന്നതിനെക്കുറിച്ച് അയാൾ  എപ്പോഴും സംസാരിച്ചു കൊണ്ടേയിരുന്നു, എങ്കിലും അതിന്റെ പണി  ഇതുവരെ ആരംഭിച്ചിരുന്നില്ല. 

     നിർദ്ധനരായ  യുവ ചിത്രരചനക്കാർക്ക് വരയ്ക്കാൻ വേണ്ടി  മോഡലായി പോസ് ചെയ്ത്  അയാൾക്ക് കുറച്ച് പണം ലഭിച്ചിരുന്നു. അമിതമായി മദ്യപാനം നടത്തുമ്പോഴും തൻ്റെ  മഹത്തായ ഭാവി മാസ്റ്റർപീസിനെക്കുറിച്ച് അയാൾ  വാചാലനായി. സുവിനെയും ജോൺസിയെയും ഒരു വലിയ കാവൽ നായെപ്പോലെ സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുക എന്നത് തന്റെ സവിശേഷമായ  കടമയാണെന്ന് അയാൾ വിശ്വസിച്ചു. 

        സ്യൂ ബെഹ്ർമാനെ അയാളുടെ മങ്ങിയ വെളിച്ചമുള്ള മുറിയിൽ കണ്ടു. അതിൻ്റെ  ഒരു മൂലയിൽ ഒരു മുക്കാലിയിൽ മാസ്റ്റർപീസിൻ്റെ ആദ്യത്തെ വര ഏറ്റുവാങ്ങാൻ ഇരുപത്തിയഞ്ച് വർഷമായി കാത്തിരിക്കുന്ന ശൂന്യമായ ക്യാൻവാസ് ഉണ്ടായിരുന്നു. മദ്യത്തിൻ്റെ  രൂക്ഷമായ ഗന്ധം അവൾക്ക് മണത്തു. ജോൺസിയെ കുറിച്ചും ആ വള്ളിച്ചെടിയിലെ ഇലകളെ കുറിച്ചും അവൾ അയാളോട് പറഞ്ഞു. ജോൺസി ശരിക്കും ദുർബലമായ ഇല പോലെ താഴേക്ക് പതിക്കുമോ എന്ന് അയാളോട് സ്യൂ ആശങ്കപ്പെട്ടു. ജീവനിലുള്ള ജോൺസിയുടെ പിടി അയയുകയായിരുന്നു എന്ന് അവൾ പറഞ്ഞു. 

         ബെഹ്ർമാൻ അങ്ങനെയൊരു  ചിന്തയെക്കുറിച്ചു ഉറക്കെ ദേഷ്യപ്പെട്ടു.

"എന്ത്!" അയാൾ  അലറിപ്പറഞ്ഞു . “ഇങ്ങനെയും  മണ്ടരുണ്ടോ? മരത്തിൽ നിന്ന് ഇലകൾ വീണാൽ   മനുഷ്യർ മരിക്കുമോ? അങ്ങനെയൊന്നും  ഞാൻ കേട്ടിട്ടേയില്ല. ഇല്ല, ഇത്തരം ഒരു വിഡ്ഢിത്തലയ്ക്ക് വേണ്ടി എൻ്റെ പടം വരയ്ക്കുന്നതിന് മുകളിൽ  വന്നിരിക്കാൻ എനിക്ക് മനസ്സില്ല. എന്തുകൊണ്ടാണ് നീ  അവളെ അത്തരമൊരു കാര്യം ചിന്തിക്കാൻ അനുവദിക്കുന്നത്? ആ പാവം കൊച്ചു ജോൺസി!”  

       “അവൾ വളരെയധികം രോഗിയും ക്ഷീണിതയുമാണ്,” സ്യൂ പറഞ്ഞു. “അസുഖം അവളുടെ മനസ്സിൽ വല്ലാത്ത ചിന്തകൾ കൊണ്ടുവരുന്നു . മിസ്റ്റർ ബെഹ്ർമാൻ, നിങ്ങൾ വരുന്നില്ലെങ്കിൽ വേണ്ട. നിങ്ങൾ വെറും വാചകമടി വീരനായ ഒരു കിളവനാണെന്ന്  ഞാൻ കരുതും." 

       "നീ ഒരു സ്ത്രീ തന്നെയാണ്!" ബെഹ്ർമാൻ ഉച്ചത്തിൽ പറഞ്ഞു. "ആരു പറഞ്ഞു ഞാൻ വരില്ലെന്ന്? നടക്ക്. ഞാൻ നിൻ്റെ കൂടെ വരാം. അര മണിക്കൂറായി ഞാൻ വരാം എന്ന് പറയാൻ പോകുകയായിരുന്നു. ദൈവമേ! ജോൺസിയെപ്പോലെ നല്ലവളായ ഒരുത്തിക്ക്  അസുഖമായി കിടക്കാൻ പറ്റിയ സ്ഥലമല്ല ഇതൊന്നും. ഒരു ദിവസം ഞാൻ എൻ്റെ മാസ്റ്റർപീസ് വരയ്ക്കും, അന്ന് ഞങ്ങൾ എല്ലാവരും ഇവിടെ നിന്ന് പോകും, ദൈവമേ! തീർച്ച!” 

       അവർ ചെന്നപ്പോൾ ജോൺസി ഉറങ്ങുകയായിരുന്നു. സ്യൂ ജനൽ മറച്ചതിന് ശേഷം ബെഹ്ർമാനെ മറ്റേ മുറിയിലേക്ക് കൊണ്ടുപോയി. ആ മുറിയിൽ നിന്നും  അവർ ജനാലയിലൂടെ ഇല കൊഴിഞ്ഞു കൊണ്ടിരുന്ന മരത്തിലേക്ക് ഭയപ്പാടോടെ നോക്കി. പിന്നെ ഒന്നും മിണ്ടാതെ ഒരു നിമിഷം അന്യോന്യം നോക്കിനിന്നു. ചെറിയ മഞ്ഞോട് കൂടിയ തണുത്ത മഴ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു . 

         ബെഹ്ർമാൻ പാറപ്പുറത്തിരിക്കുന്ന ഖനിത്തൊഴിലാളിയായി പോസ് ചെയ്ത് കൊണ്ട് അയാൾക്കുള്ള ഇരിപ്പടത്തിൽ _ പാറയ്ക്ക് പകരം മറിച്ചിട്ട കെറ്റിലിൽ- ഇരുന്നു, സ്യൂ അയാളുടെ പടം വരയ്ക്കാൻ  തുടങ്ങി. ഏകദേശം രാത്രി മുഴുവൻ  അവൾ വരച്ചു. രാവിലെ, ഒരു മണിക്കൂർ ഉറക്കത്തിന് ശേഷം അവൾ ജോൺസിയുടെ കിടക്കയുടെ  അരികിലേക്ക്  പോയി. മലക്കെ തുറന്ന കണ്ണുകളോടെ ജോൺസി ജാലകത്തിൻ്റെ പച്ച മൂടിയിലേക്ക്‌  നോക്കി കിടക്കുകയായിരുന്നു. “ഷേയ്ഡ് പൊക്ക്, എനിക്ക്  പുറത്തോട്ട് നോക്കണം,” അവൾ സ്യൂവിനോട് പറഞ്ഞു.  

        സ്യൂ ജനാലയിൽ നിന്ന് മൂടി മാറ്റി. അത്ഭുതം! രാത്രി മുഴുവനും നിർത്താതെ പെയ്യുന്ന മഴയ്ക്കും വന്യമായ  കാറ്റിനും ശേഷവും ആ വള്ളിച്ചെടിയിൽ മതിലിനോട് ചേർന്ന് ഒരു ഇല മാത്രം കാണാമായിരുന്നു. ആ വള്ളിച്ചെടിയിലെ അവസാനത്തെ ഇല. വള്ളിക്ക് സമീപം അത് അപ്പോഴും കടും പച്ചയായിരുന്നു. എന്നാൽ പല്ലുപലായ അരികുകളിൽ അത് പഴക്കം ചെന്ന്  ദ്രവിച്ച മഞ്ഞയായി മാറിയിരുന്നു. നിലത്ത് നിന്ന് ഏകദേശം ഇരുപത് അടി ഉയരമുള്ള ഒരു വള്ളിയിൽ  ആയിരുന്നു അത് സാഹസികമായി തൂങ്ങിക്കിടന്നത്.  

        “അത് അവസാനത്തേതാണ്,” ജോൺസി പറഞ്ഞു. “തീർച്ചയായും രാത്രിയിൽ വീഴുമെന്നാണ്  ഞാൻ കരുതിയത്. കാറ്റ് വീശിയത് ഞാൻ കേട്ടിരിന്നു. അത് ഇന്ന് വീഴും, ഞാനും അപ്പോൾത്തന്നെമരിക്കും.” 

       “പൊന്നേ, ജോൺസി!” സൂ പറഞ്ഞു. “നീ നിന്നെക്കുറിച്ച് ചിന്തിക്കുന്നില്ലെങ്കിൽ എന്നെക്കുറിച്ചെങ്കിലും ചിന്തിക്കുക. നീയില്ലെങ്കിൽ ഞാൻ എന്ത് ചെയ്യും?" 

        പക്ഷേ, ജോൺസി മറുപടി പറഞ്ഞില്ല. ലോകത്തിലെ ഏറ്റവും ഏകാന്തമായ അവസ്ഥ ഒരു ആത്മാവിന്റേതാണ്, ദുരൂഹമായ ദൂരയാത്രയ്ക്ക് തയ്യാറെടുക്കുന്ന ഒരു ആത്മാവിൻ്റെ. സൗഹൃദത്തിലേക്കും ലോകത്തിലേക്കും  അവളെ ചേർത്തിണക്കിയ ബന്ധങ്ങളുടെ കണ്ണികൾ ഓരോന്നായി അറ്റു പോകുകുകയായിരുന്നു. 

          ആ ദിവസവും മെല്ലെ കടന്നുപോയി. മൂവന്തിയായപ്പോഴും ഭിത്തിയിലെ വള്ളിയിൽ തൂങ്ങിക്കിടക്കുന്ന ഇല അവർക്ക് കാണാമായിരുന്നു. പിന്നെ, രാത്രിയായപ്പോൾ, വടക്കൻ കാറ്റ് വീണ്ടും വീശാൻ തുടങ്ങി. മഴ അപ്പോഴും ജനൽപ്പാളികളിൽ അടിച്ചു കൊണ്ടേയിരുന്നു.  

     പിറ്റേന്ന് രാവിലെ വേണ്ടത്ര വെളിച്ചമായപ്പോൾ, ജോൺസി വീണ്ടും അവളെ ആ ഇലയുടെ ദൃശ്യം കാണിക്കണമെന്ന് ആവശ്യപ്പെട്ടു. ആ ഇല അപ്പോഴും അവിടെ ഉണ്ടായിരുന്നു. അതിലേക്ക് നോക്കി ജോൺസി കുറെ നേരം കിടന്നു. എന്നിട്ട്, അവൾക്ക് കഴിക്കാൻ ചിക്കൻ സൂപ്പ്  പാകം ചെയ്തുകൊണ്ടിരുന്ന സൂയെ വിളിച്ചു പറഞ്ഞു. 

          "ഞാൻ ഒരു ചീത്ത പെൺകുട്ടിയാണ്, സ്യൂ," ജോൺസി പറഞ്ഞു. “ഞാൻ എത്ര മോശക്കാരി ആയെന്ന്  കാണിക്കാനാണ് എന്തോ ഒന്ന് ആ അവസാനത്തെ ഇലയെ അവിടെ തന്നെ വീഴാതെ നിർത്തിയത് . മരിക്കാൻ ആഗ്രഹിക്കുന്നത് പാപം തന്നെ.” ജോൺസിയുടെ ചുണ്ടുകളിൽ മന്ദഹാസത്തിൻ്റെ ഒരു മിന്നലാട്ടം ഉണ്ടായി.

    “എനിക്ക് കുറച്ചു സൂപ്പും സ്വല്പം വൈൻ ചേർത്ത് പാലും കൊണ്ടുവാ. നിൽക്ക്, ആദ്യം എനിക്ക് മുഖം നോക്കാൻ ഒരു കണ്ണാടി കൊണ്ടുവരൂ, ഞാൻ എന്നെത്തന്നെ ഒന്ന് കാണട്ടെ. എന്നിട്ട്, എന്റെ പിന്നിൽ കുറേ തലയിണകൾ വയ്ക്കൂ, ഞാൻ എഴുന്നേറ്റിരുന്ന് നീ  പാചകം ചെയ്യുന്നത് നോക്കിക്കാണാം.”  

       ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു, "സ്യൂ, ഒരു ദിവസം നേപ്പിൾസ് ഉൾക്കടൽ വരയ്ക്കാനാവുമെന്ന  പ്രതീക്ഷ ഇപ്പോഴും എനിക്കുണ്ട്."       

       ഉച്ചയോടെ ഡോക്ടർ വന്നു. പരിശോധനയ്ക്ക് ശേഷം അദ്ദേഹം ജോൺസിയുടെ മുറി വിട്ടറങ്ങിയപ്പോൾ സമീപമുള്ള ഹാളിലേക്ക് അദ്ദേഹത്തോട്  സംസാരിക്കാൻ സ്യൂ പിന്നാലെ ചെന്നു. “സുഖപ്പെടാനുള്ള സാധ്യതകൾ മെച്ചപ്പെട്ടു,” ഡോക്ടർ പറഞ്ഞു. അദ്ദേഹം അവളുടെ  മെലിഞ്ഞ, ഉത്കണ്ഠ കൊണ്ട് വിറയ്ക്കുന്ന കൈ തൻ്റെ കൈയ്യോട് ചേർത്തു പിടിച്ചു കൊണ്ട് തുടർന്നു. "അവൾക്ക് നല്ല പരിചരണം നൽകൂ, അവൾ സുഖപ്പെടും. ഇനി ഈ വീട്ടിൽ മറ്റൊരു രോഗിയെ കാണണം. അയാളുടെ പേര് ബെഹ്ർമാൻ എന്നാണ് . ഒരു ചിത്രകാരൻ ആണെന്ന് ഞാൻ കരുതുന്നു. അതും ന്യുമോണിയ തന്നെ. വൃദ്ധനായ മൈക്ക് ( ബെഹ്ർമാൻ്റെ വിളിപ്പേര്) രോഗം വളരെ കൂടിയത് കൊണ്ട് ബലഹീനതയിലാണ്. ആശയ്ക്ക് വകയില്ല. എങ്കിലും, ഞങ്ങൾ ഇന്ന് അയാളെ  ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണ്. ഞങ്ങൾ അയാൾക്ക് കഴിയുന്നത്ര ആശ്വാസം നല്കാൻ ശ്രമിക്കുകയാണ്.”  

      അടുത്ത ദിവസം ഡോക്ടർ സ്യൂവിനോട് പറഞ്ഞു: “അവൾ രക്ഷപെട്ടു. നീയാണ് കാരണം. ഇനിയിപ്പോൾ ഭക്ഷണവും പരിചരണവും-അത്രേ വേണ്ടൂ.” 

      അന്ന് ഉച്ചകഴിഞ്ഞ് സ്യൂ ജോൺസി വിശ്രമിക്കുന്ന കട്ടിലിൽ വന്നിരുന്നു. അവളെ  ഒരു കൈ കൊണ്ട് ചുറ്റിപ്പിടിച്ചു പറഞ്ഞു. 

      “വെള്ളെലിപ്പെണ്ണേ,  എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്,” ഒന്ന് നിർത്തിയതിന് ശേഷം അവൾ തുടർന്നു, "മിസ്റ്റർ ബെഹ്ർമാൻ ന്യുമോണിയ ബാധിച്ച് ഇന്ന് ആശുപത്രിയിൽ വെച്ചു മരിച്ചു. അസുഖം പിടിച്ചിട്ട് രണ്ടു ദിവസം മാത്രമേ ആയിരിന്നുള്ളൂ. ആദ്യത്തെ ദിവസം രാവിലെ പാവം മുറിയിൽ വേദന സഹിക്കാനാവാതെ പിടയുന്നത് ഇവിടത്തെ കാര്യസ്ഥൻ  കണ്ടു.”

       “ഷൂസും വസ്ത്രങ്ങളും നനഞ്ഞ് ഐസ് പോലെ തണുത്തിരുന്നു. പുള്ളി  എവിടെയായിരുന്നുവെന്ന് എല്ലാവരും അത്ഭുതപ്പെട്ടു. അതൊരു തണുത്ത് വിറങ്ങലിച്ച കാളരാത്രി ആയിരുന്നു.” 

        “പിന്നെ അവർ ചില കാര്യങ്ങൾ കണ്ടു. ആ പാവത്തിൻ്റെ കത്തിക്കൊണ്ടിരുന്ന റാന്തൽ വിളക്കും വരയ്ക്കാനുള്ള സാധനങ്ങളും പുറത്ത് വള്ളിച്ചെടിയുള്ള ഭിത്തിയുടെ അടുത്ത് തന്നെ കണ്ടു. വിളക്ക് അപ്പോഴും കത്തിക്കൊണ്ടിരുന്നു. ഉയരമുള്ള ഏണി അത് വെച്ചിരുന്ന സ്ഥലത്തു നിന്നും ഭിത്തിയുടെ അരികിലേക്ക് കൊണ്ടുപോയിരുന്നു. ചായക്കൂട്ടിൽ പച്ചയും മഞ്ഞയും ചായങ്ങൾ ഉണ്ടായിരുന്നു.”

     “ജനലിലൂടെ നോക്കൂ, പൊന്നേ, ചുവരിലെ അവസാന ഇലയിലേക്ക് നോക്കൂ. കാറ്റ് വീശുമ്പോൾ അത് ഒരിക്കലും ചലിക്കാത്തത് എന്തുകൊണ്ടാണെന്ന് നീ  ചിന്തിച്ചോ? എന്റെ പൊന്നേ, അത് ബെഹ്ർമാൻ എപ്പോഴും വരയ്ക്കാൻ ആഗ്രഹിച്ചിരുന്ന മാസ്റ്റർപീസ് ആണ്! ഒടുവിലത്തെ  ഇല വീണ ആ രാത്രി നിനക്ക് വേണ്ടി ആ മനുഷ്യൻ അത് അവിടെ വരച്ചു.”